ലൈംഗികാതിക്രമം: പരാതി വ്യാജമാണെന്നു ബോധ്യമായാല്‍ കര്‍ശന നടപടിയെടുക്കണം; ഹൈക്കോടതി നിര്‍ദ്ദേശം ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍

കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന പരാതികള്‍ വ്യാജമാണെന്നു ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് പൊലീസ് സബ്ഡിവിഷനിലെ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചു കൊണ്ടാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.
സ്ത്രീകള്‍ നല്‍കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ല. വിശദമായ അന്വേഷണം അനിവാര്യമാണെന്നു കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവ് മാനേജര്‍ ആയിട്ടുള്ള സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതി പ്രകാരമാണ് ബദിയഡുക്ക പൊലീസ് ലൈംഗികാതിക്രമത്തിനു കേസെടുത്തത്.
ജോലിയില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ യുവതിയെ പിരിച്ചു വിട്ടിരുന്നു. ഇതിന്റെ പേരില്‍ യുവതി ഹര്‍ജിക്കാരനെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ജനുവരി 14ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസെടുത്തിരുന്നില്ല. ഫെബ്രുവരി ഏഴിനു യുവതി നല്‍കിയ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. ഇതോടെയാണ് ഹര്‍ജിക്കാരനായ യുവാവ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താനും ഉത്തരവായി. ഹര്‍ജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റു ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ടു ആള്‍ ജാമ്യത്തിലും വിട്ടയക്കണമെന്നും കോടതി ഉത്തരവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page