17 വര്‍ഷത്തിന് ശേഷം ബി.എസ്.എന്‍.എല്‍ ലാഭത്തില്‍; 262 കോടി രൂപയുടെ നേട്ടം

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തിലെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 262 കോടി രൂപയുടെ ലാഭം റിപ്പോര്‍ട്ട് ചെയ്തു. 2007ന് ശേഷം ബിഎസ്എന്‍എല്ലിന്റെ ലാഭത്തിലേക്കുള്ള ആദ്യ തിരിച്ചുവരവ് കൂടിയാണിത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തിക നഷ്ടത്തില്‍ ഉഴറുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഇതൊരു സുപ്രധാന നേട്ടമാണ്. നവീകരണം, നെറ്റ്വര്‍ക്ക് വിപുലീകരണം തുടങ്ങിയവയ്ക്ക് പിന്നാലെ വരുമാനം ഉയര്‍ന്നതും ചെലവ് കുറയ്ക്കല്‍ നടപടികളുമാണ് ലാഭം നേടാന്‍ കാരണമായത്. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വരുമാന വളര്‍ച്ച 20 ശതമാനം കവിയുമെന്ന് ബിഎസ്എന്‍എല്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു.
2007ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു നേട്ടം ബിഎസ്എന്‍എല്‍ രേഖപ്പെടുത്തുന്നത്. ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് നിര്‍ണായകമായ വഴിത്തിരിവാണിതെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ചെലവ് ചുരുക്കല്‍, സേവന വിപുലീകരണം, വരുമാന വളര്‍ച്ച തുടങ്ങിയ കാര്യങ്ങളിലെ ബിഎസ്എന്‍എല്ലിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നിര്‍ണായക നിമിഷമാണിതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
4ജി സേവനം ലഭ്യമാക്കല്‍ ത്വരിതപ്പെടുത്തിയതായും, ഫൈബര്‍-ഒപ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതായും, നഗര, ഗ്രാമപ്രദേശങ്ങളിലുടനീളം കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയതായും ബിഎസ്എന്‍എല്‍ പറഞ്ഞു. സേവന മികവ്, 5ജി തയ്യാറെടുപ്പ്, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ കമ്പനി തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ബിഎസ്എന്‍എല്ലിനെ മത്സരക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും. സാമ്പത്തിക വര്‍ഷാവസാനത്തോടെ വരുമാന വളര്‍ച്ച 20 ശതമാനം കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page