ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ജീവനക്കാരന്റെ മോഷണം പോയ ബാഗ് കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് ഫോണ്‍ ഓണ്‍ ചെയ്തു വച്ച ശേഷം, 43000 രൂപ ഒഴികെ ബാക്കി രേഖകളെല്ലാം ബാഗില്‍ ഭദ്രം

കാസര്‍കോട്: ഉദുമ, ഉദയമംഗലം, മഹാവിഷ്ണു ക്ഷേത്ര ജീവനക്കാരന്റെ മോഷണം പോയ ബാഗ്, കാഞ്ഞങ്ങാട്, അതിഞ്ഞാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഡരുകില്‍ കാണപ്പെട്ട ബാഗിനകത്തു നിന്നു മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം പോയ ബാഗാണെന്നു വ്യക്തമായത്.
ഉദയമംഗലം ക്ഷേത്രത്തിലെ സേവാ ക്ലര്‍ക്കായ ഉദുമ, പടിഞ്ഞാര്‍ തെരുവിലെ സി. ബാലകൃഷ്ണന്റെ ബാഗ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് മോഷണം പോയത്. സ്‌കൂട്ടറിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി ഉദുമയിലെ മെക്കാനിക്കിനെ കാണിച്ചിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ബാഗ് മോഷണം പോയത്. ബൈക്കിലെത്തിയ മൂന്നു പേര്‍ സ്‌കൂട്ടറിനു സമീപത്തേക്ക് വരുന്നതിന്റെയും ബാഗുമായി കടന്നു കളയുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടന്ന കാര്യം അറിയാതെ വീട്ടിലെത്തിയ ബാലകൃഷ്ണന്‍ നാലു മണിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടാന്‍ നോക്കുമ്പോഴാണ് 43000 രൂപയടങ്ങിയ ബാഗ് കാണാത്ത കാര്യം അറിഞ്ഞത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി.
ഇതിനിടയിലാണ് മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗ് കാണാതായതായി അറിഞ്ഞ സമയത്ത് ബാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് പിന്തുടരാതിരിക്കുന്നതിനു വേണ്ടി മോഷ്ടാക്കള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതായിരിക്കുമെന്നു സംശയിക്കുന്നു. ഉപേക്ഷിക്കുന്നതിനു മുമ്പ് ഫോണ്‍ ഓണാക്കിയത് ബാഗ് ഉടമസ്ഥനു തന്നെ തിരികെ ലഭിക്കണമെന്ന ഉദ്ദേശത്തോടെയായിരിക്കുമെന്നും സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page