പ്ലാസ്റ്റിക് പാത്രത്തില്‍ തല കുടുങ്ങി പരക്കം പാഞ്ഞത് ഒരാഴ്ച; നായയ്ക്ക് രക്ഷകരായത് മൃഗസ്‌നേഹിയും തൊഴിലാളികളും

കാസര്‍കോട്: ദിവസങ്ങളായി തലയില്‍ പ്ലാസ്റ്റിക് പാത്രം കുടുങ്ങി അവശനിലയിലായ തെരുവ് നായക്ക് രക്ഷകരായത് മൃഗ സ്‌നേഹിയും ഇതരസംസ്ഥാന തൊഴിലാളികളും. ഭാസ്‌കര നഗറിലെ മുഹമ്മദ് അസീസും ബീഹാര്‍ സ്വദേശികളായ വിനോദും ബോലയുമാണ് ശനിയാഴ്ച വൈകീട്ട് പ്ലാസ്റ്റിക് പാത്രത്തില്‍ തലകുടുങ്ങിയ നായയെ മോചിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് കുമ്പള, ബദ്രിയ നഗറിലാണ് ആളുകളെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയുണ്ടായത്. പ്ലാസ്റ്റിക് പാത്രം തലയില്‍ കുടുങ്ങിയതോടെ നായ പരിസരമാകെ പരിഭ്രാന്തിയോടെ ഓടുകയായിരുന്നു. പലരും പാത്രം ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും ഫലിച്ചില്ല. നായയുടെ ദുരവസ്ഥ കാരവല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറാ യൂസഫ് കുമ്പളയിലെ ലേഖകനോട് സംഭവം ആരാഞ്ഞിരുന്നു. തുടര്‍ന്ന് പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വെറ്ററിനറി ഡോ.അരുണ്‍ രാജ്, സാമൂഹിക പ്രവര്‍ത്തക വിന്ദു ബെഞ്ചമിന്‍, മൃഗ സ്‌നേഹിയായ മുഹമ്മദ് അസീസ് എന്നിവര്‍ ഓടിപ്പോയ നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിരാശരായി മടങ്ങേണ്ടി വന്നു. തുടര്‍ന്ന് കിടക്ക വ്യാപാരി കൂടിയായ മുഹമ്മദ് അസീസ് നായയെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമം അടുത്ത ദിവസവും തുടര്‍ന്നു. സ്വന്തം കാറില്‍ തൊഴിലാളികളായ വിനോദിനെയും ബോലയെയും ഒപ്പം കൂട്ടി കുമ്പളയിലെ പല പ്രദേശങ്ങളിലും നായയെ തെരഞ്ഞു. ഒടുവില്‍ ശനിയാഴ്ച വൈകീട്ടാണ് നായയെ റഹമ്ത്ത് നഗറില്‍ കണ്ടെത്തിയത്. അവശനായ നിലയിലായിരുന്ന നായയുടെ തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രം അസീസ് ഊരിയെടുത്തു. മറ്റൊരു ജന്മം കിട്ടിയ ആശ്വാസത്തില്‍ നായ വീണ്ടും ഓടി മറഞ്ഞു. അസീസിനെയും തൊഴിലാളികളെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page