മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പൊലീസ് വാഹനം തകര്‍ന്നു, പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡില്‍ തള്ളി കടത്തുകാര്‍ രക്ഷപ്പെട്ടു, എസ്‌കോര്‍ട്ടു പോയ ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിനു ഗുരുതരം

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ടിപ്പര്‍ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമം. പൊലീസ് വാഹനം തകര്‍ന്നു. മണലുമായി കുതിച്ച ടിപ്പര്‍ ലോറിയെ മറ്റൊരു പൊലീസ് വാഹനം പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡിലേക്ക് തള്ളി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ടു. ഇതിനിടയില്‍ മണല്‍ കടത്തിനു എസ്‌കോര്‍ട്ടു പോയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു സാരമായി പരിക്കേറ്റു.
ബുധനാഴ്ച രാത്രിയാണ് സംഭവം. മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുര്‍ഗ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആറങ്ങാടിയില്‍ എത്തിയത്. മണലുമായി എത്തിയ ടിപ്പര്‍ ലോറിക്ക് പൊലീസ് കൈകാണിച്ചുവെങ്കിലും നിര്‍ത്താന്‍ തയ്യാറായില്ല. പൊലീസ് പിന്തുടരുകയും വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. ഇതോടെ മറ്റൊരു സംഘം പൊലീസുകാര്‍ ടിപ്പര്‍ ലോറിയെ തേടിയിറങ്ങി. ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്നു കൊണ്ടിരുന്ന എസ്.ഐ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാഹനവുമായി കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍ തുളുച്ചേരിയും സംഘവും കിഴക്കും കരയിലെത്തി. വാഹനത്തില്‍ നിന്നു ഇറങ്ങി കൈകാണിക്കാനുള്ള ശ്രമത്തിനിടയില്‍ ടിപ്പര്‍ ലോറി പൊലീസ് വാഹനത്തില്‍ ഇടിച്ചു തെറുപ്പിച്ച ശേഷം മുന്നോട്ടുപോയി. പൊലീസ് പിന്തുടര്‍ന്നതോടെ ലോറി മാവുങ്കാല്‍ വഴി രക്ഷപ്പെട്ടു ഗുരുവനം ഭാഗത്തേക്കു പോയി. പൊലീസ് പിന്തുടര്‍ന്ന് ഗുരുവനത്ത് എത്തിയപ്പോള്‍ ലോറി നിര്‍ത്തുകയും മണല്‍ റോഡില്‍ തള്ളി മാര്‍ഗ തടസ്സം ഉണ്ടാക്കി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ലോറി കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. അതേ സമയം മണല്‍ ലോറിക്ക് എസ്‌കോര്‍ട്ട് പോയ യുവാവ് അപകടത്തില്‍ പെട്ടതായി പൊലീസ് പറഞ്ഞു. അമിത വേഗതയില്‍ ബൈക്കോടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അശോകന്റെ പരാതിയില്‍ ഇര്‍ഫാന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page