കാസര്‍കോട്: ശ്വാസകോശ രോഗചികിത്സ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രി. ശ്വാസകോശ സംബന്ധമായ ഗുരുതര രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സ നിര്‍ണയിക്കുന്നതിനും സഹായകമായ ബ്രോങ്കോസ്‌കോപ്പി പരിശോധന ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. പ്രമുഖ പള്‍മണോളജിസ്റ്റ് ഡോ. തെരേസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അത്യാധുനിക പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
വിട്ടുമാറാത്ത ചുമ, കഫത്തില്‍ രക്തത്തിന്റെ അംശം, ശ്വാസതടസ്സം, ശ്വാസകോശത്തിലെ അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമായി എത്തിയ രോഗിയിലാണ് ബ്രോങ്കോസ്‌കോപ്പി പരിശോധന നടത്തിയത്. ശ്വാസനാളികളുടെയും ശ്വാസകോശത്തിന്റെയും ആന്തരിക ഭാഗങ്ങള്‍ നേരിട്ട് പരിശോധിച്ച് രോഗനിര്‍ണയത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബ്രോങ്കോസ്‌കോപ്പി സഹായിക്കുന്നു.
ആശുപത്രി കൈവരിച്ച ഈ നേട്ടം കാസര്‍കോടിന്റ ആരോഗ്യരംഗത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു.







