കാസര്‍കോട്: ഒന്നരവര്‍ഷമായി സെക്രട്ടറിയും അക്കൗണ്ടന്റുമുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച പഞ്ചായത്ത് സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നിലപാടില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരും രണ്ടു ബ്ലോക്ക് മെമ്പര്‍മാരും പഞ്ചായത്ത് ജോ. ഡയറക്ടര്‍ ഓഫീസില്‍ പ്രതിഷേധിച്ചു. തുടര്‍ന്നു നല്‍കിയ നിവേദനത്തില്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവും വരെ ഇതേ ജീവനക്കാരനെ പഞ്ചായത്തില്‍ നിലനിറുത്താമെന്നു സമ്മതിച്ചതായി പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി, അക്കൗണ്ടന്റ്, നാലു ക്ലാര്‍ക്കുമാര്‍ എന്നിവരുടെ തസ്തികയാണ് 18 മാസമായി ഒഴിഞ്ഞു കിടക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സെക്രട്ടറിയും അക്കൗണ്ടന്റുമില്ലാത്തതു കൊണ്ട് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും മുടങ്ങുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും നല്‍കാന്‍ കഴിയാതെ വരുകയോ കാലതാമസമോ ഉണ്ടാവുന്നു. ഇതിനൊക്കെപ്പുറമെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നു. ഇതു സംബന്ധിച്ചു നിരവധി നിവേദനങ്ങള്‍ നിരന്തരം നല്‍കിയതിനെ തുടര്‍ന്നു ഒരു മാസം മുമ്പു ഒരു സെക്രട്ടറിയെ നിയമിച്ചു. അയാള്‍ മധൂര്‍ പഞ്ചായത്ത് ഓഫീസിലെത്തി ചുമതലയേറ്റയുടനെ ലീവില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ഓഫീസിലെത്തി ഒരാഴ്ച ജോലി ചെയ്തു. അതിനിടയില്‍ അയാളെ പാലക്കാട്ടേക്കു സ്ഥലം മാറ്റുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്തില്‍ നിന്നുള്ള ബ്ലോക്ക് മെമ്പര്‍മാരും വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെത്തി പ്രതിഷേധിച്ചത്.