ഉള്ളാളിലെ ബാങ്ക് കവർച്ച: തെളിവെടുപ്പിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു, വെടിവെച്ച് വീഴ്ത്തി പ്രതിയെ കീഴ്പെടുത്തി

മംഗളുരു: ഉള്ളാൾ ബാങ്ക് കവർച്ചാ കേസിലെ ഒരു പ്രതി തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു. കാലിൽ വെടിവച്ച് പ്രതിയെ വീഴ്ത്തി. പിന്നീട് ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തി. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കവർച്ച നടന്ന ഉള്ളാൾ കോട്ടേക്കാർ ബാങ്ക് പരിസരത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആക്രമ ശ്രമം. മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസുകാരെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത്. ജനുവരി 17ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാങ്കിൽ തോക്ക് ചൂണ്ടി കവർച്ച നടന്നത്. മുഖംമൂടി ധരിച്ച ആറാംഗസംഘം ആയിരുന്നു മോഷ്ടാക്കൾ. ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക തുമ്പായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പൊലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ കിട്ടി. മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് വ്യക്തമായിരുന്നു. അങ്ങനെയാണ് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ തിരുനെൽവേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പൊലീസെത്തിയതും പ്രതികൾ പിടിയിലായതും. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page