കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കിയ ‘ആളെ’ ഒടുവില്‍ കണ്ടെത്തി താഴെയിറക്കി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്നു എം.ജി റോഡിലേക്കുള്ള ഫീഡറില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. വൈദ്യുതി നിലച്ചതോടെ ഹോട്ടലുകാരും വീട്ടുകാരും വൈദ്യുതി ഓഫീസിലേക്ക് തുരുതുരാ ഫോണ്‍ ചെയ്തു. കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ സദര്‍ റിയാസിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഫീഡര്‍ ഡ്രിപ്പ് ആയതായി കണ്ടെത്തി. വീണ്ടും ചാര്‍ജ്ജ് ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ അമേയ് റോഡുവരെ നടത്തിയ പരിശോധനയിലാണ് വൈദ്യുതി മുടക്കിയ ‘വില്ല’നെ കണ്ടെത്തിയത്. അമേയ് റോഡ് ജംഗ്ഷനു സമീപത്തെ മരത്തില്‍ നിന്നാണ് എച്ച്ടി ലൈനിലേക്ക് കൂറ്റന്‍ പെരുമ്പാമ്പിനെ വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ‘സര്‍പ്പ’ വോളണ്ടിയര്‍ അടുക്കത്തുബയലിലെ അമീനെ വിളിച്ചുവരുത്തി. അദ്ദേഹം കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ തോട്ടി ഉപയോഗിച്ച് പെരുമ്പാമ്പിനെ താഴെയിറക്കി. പിന്നീട് ചാക്കിലാക്കി ചത്ത പാമ്പിനെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടു പോയി. തുടര്‍ന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെടുത്തിയ പെരുമ്പാമ്പിനെ കാണാന്‍ നിരവധി പേര്‍ സ്ഥലത്ത് എത്തിയിരുന്നു.
