കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് ഉപ്പള, മുസ്തഫ മന്‍സിലിലെ മീശ റൗഫ് എന്ന അബ്ദുല്‍ റൗഫ് അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് മൊഗ്രാലിലെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നു അടുത്തിടെ ഉപ്പളയില്‍ നിന്നു മോഷണം പോയ ബൈക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കാസര്‍കോട്, കുമ്പള, വിദ്യാനഗര്‍, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്. റൗഫ് മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിരവധി വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. നിരവധി വാറന്റുകള്‍ ഉള്ളതിനാല്‍ ഇയാളുടെ ക്വാര്‍ട്ടേഴ്‌സ് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ച വെളുപ്പിനു റൗഫ് ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടെന്നു ഉറപ്പിച്ച പൊലീസ് സംഘം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ഗോപി, കെ.ആര്‍ ഉമേശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അശ്വന്ത് കുമാര്‍, വിജയന്‍, പ്രണവ്, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
