ബംഗ്‌ളൂരു: ക്രിസ്മസ്-പുതുവത്സരത്തിനു കേരള കെ.എസ്.ആര്‍.ടി.സി ബംഗ്‌ളൂരു മലയാളികള്‍ക്ക് ഇരുട്ടടി ഉറപ്പാക്കി.
പുതുവര്‍ഷാവധിക്കു ബംഗ്‌ളൂരുവില്‍ നിന്നു സ്വന്തം നാടായ കേരളത്തില്‍ എത്തേണ്ട മലയാളികള്‍ക്കു കെ.എസ്.ആര്‍.ടി.സി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു.
പതിവു സര്‍വ്വീസിലെ ചാര്‍ജിന്റെ 50 ശതമാനം ആണ് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ 18 മുതല്‍ ജനുവരി അഞ്ചു വരെയുള്ള സര്‍വ്വീസുകളിലാണ് അധികനിരക്ക് ഈടാക്കുകയെന്നു അധികൃതര്‍ വെളിപ്പെടുത്തി. ഇതു പോലുള്ള തിരക്കു കാലങ്ങളില്‍ ഫ്‌ളക്‌സി ടിക്കറ്റെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി നിരക്കു വര്‍ധിപ്പിക്കുന്നതു പതിവാണ്. എന്നാല്‍ അന്നൊക്കെ പരമാവധി 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചിരുന്നത്.
എന്നാല്‍ ഇത്തവണയിത് 50 ശതമാനമായാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതനുസരിച്ചു ബംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് നിലവിലുള്ള 1300 മുതല്‍ 1800 രൂപ വരെയുള്ള ടിക്കറ്റ് നിരക്ക് ഡിസംബര്‍ 18 മുതല്‍ യഥാക്രമം 1700 മുതല്‍ 2800 രൂപ വരെയായി ഉയരും. എറണാകുളത്തേക്കു ടിക്കറ്റ് ചാര്‍ജ് 800 രൂപ മുതല്‍ 1200 രൂപ വരെയാണ്. അത് 1200 രൂപ മുതല്‍ 2000 രൂപയാക്കി ഉയര്‍ത്തി. ബംഗ്‌ളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് 400 രൂപ മുതല്‍ 600 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് ക്രിസ്മസ്-പുതുവര്‍ഷ അവധിക്കാലത്തു 500 മുതല്‍ 1100 രൂപ വരെയാക്കിയിട്ടുണ്ട്.
ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റിനുള്ള വിഷമവും സ്വകാര്യ ബസുകളിലെ അമിത ചാര്‍ജും ദുസ്സഹമായ സാഹചര്യത്തിലാണ് നാട്ടുകാരുടെ പൊതുസ്വത്തായ കെ.എസ്.ആര്‍.ടി.സി മറുനാടന്‍ യാത്രക്കാരെ നിര്‍ദാക്ഷിണ്യം കൊള്ളയടിക്കുന്നത്. അവധിക്കു കുടുംബസമേതം നാട്ടിലേക്കു തിരിക്കേണ്ട മലയാളികളെ ഇതു ഏറെ വിഷമിപ്പിക്കുന്നുണ്ട്.
