കാസർകോട്: ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു ദിവസം നീണ്ട കൗമാര കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിവസത്തിലെ കടക്കുമ്പോൾ കിരീട പോരാട്ടത്തിൽ ഹൊസ്ദുർഗ് ഉപജില്ല 740 പോയിന്റ് നേടി മുന്നേറുന്നു. 714 പോയിന്റോടെ കാസർകോട് ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. 708 പോയിന്റുമായി ചെറുവത്തൂരും പിന്നാലെയുണ്ട്. 178 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. 134 പോയിന്റുമായി പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും130 പോയിന്റുമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയാവും. ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ ട്രോഫികൾ വിതരണം ചെയ്യും. ഒപ്പന, മംഗലംകളി, കോൽക്കളി, അറബനമുട്ട്, നാടകം തുടങ്ങിയവയാണ് ഇന്ന് വേദികളിൽ മത്സരത്തിൽ ഉണ്ടാവുക. സമാപന ദിവസമായി ഇന്ന് 12000 പേർക്ക് പരിപ്പ് പ്രഥമനോടെയുള്ള വിഭവസമൃദ്ധമായ സദ്യ വിളമ്പും.
