കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സത്യാവസ്ഥ പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ ആവശ്യമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ എഡിഎമ്മിന്റെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തു വരില്ലെന്നു ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 15ന് രാവിലെയാണ് നവീന്‍ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ബാബുവിനു കലക്ടറേറ്റിലെ സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പു പരിപാടിയില്‍ ക്ഷണിക്കാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു. പെട്രോള്‍ പമ്പിനു എന്‍.ഒ.സി നല്‍കുന്നതിനു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. ദിവ്യയ്‌ക്കെതിരെ പിന്നീട് പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് നവീന്‍ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
