കാസര്‍കോട്: അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ടൂറിസത്തിന്റെ പ്രത്യേക സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്. കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര സാധ്യമാകുമെന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ടൂര്‍ പാക്കേജുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ.എസ്.ആര്‍.ടി.സിക്ക് അധികവരുമാനം കണ്ടെത്തുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നതും കൂടുതല്‍ ആവശ്യക്കാരുള്ളതും മൂന്നാര്‍ പാക്കേജിനാണ്. ഏകദേശം 25 ഡിപ്പോകളില്‍ നിന്നായി മൂന്നാറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് ഞായറാഴ്ച റാണിപുരത്തേക്കും ബേക്കല്‍ കോട്ടയിലേക്കും ഒരുദിവസത്തെ ഉല്ലാസയാത്ര നടത്തുന്നുണ്ട്. കാസര്‍കോട് യൂണിറ്റില്‍ നിന്നും നവംബര്‍ 28ന് വയനാട് ജില്ലയിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. എടയ്ക്കല്‍ ഗുഹ, ഹണി മ്യൂസിയം, ജംഗിള്‍ സഫാരി, കുറുവ ദ്വീപ്, ബാണാസുര ഡാം, തൊള്ളായിരം കണ്ടി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഫോണ്‍- 9446862282, 8848678173.
