ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രകാരനായ ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികള്‍ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നുമില്ലാതെ അന്നത്തെ അന്നം തേടുന്ന നാടോടികളായ രാമനും കദീജയും പ്രണയബദ്ധരാകുന്നതും ആരും ശ്രദ്ധിക്കാത്ത ഇവരുടെ ജീവിതത്തിലേക്ക് മതങ്ങള്‍ കടന്നു വരുന്നതോടെ ഇവരുടെ ജിവിതം സംഘര്‍ഷഭരിതമാകുന്നതുമാണ് പ്രമേയം. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഡോ ഹരിശങ്കറും, അപര്‍ണയുമാണ് കേന്ദ്രകഥാപാത്രങ്ങളായ രാമനേയും കദിജയേയും അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്‍, ഹരി.ടി.എന്‍, ഊര്‍മ്മിളാ വൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രന്‍ കൂക്കാനം, മല്ലക്കര രാമചന്ദ്രന്‍, സതീഷ് കാനായി, ടി.കെ. നാരായണന്‍, ഡി.വൈ.എസ്.പി ഉത്തംദാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ദിനേശ് പൂച്ചക്കാടിന്റംയും ഹാരിസ് തളിപ്പറമ്പിന്റെയും വരികള്‍ക്ക് ഈണം നല്‍കിയത് ഷാജി കാഞ്ഞങ്ങാട് ആണ്. ഛായാഗ്രഹണം: അഭിരാം.
