കാസര്‍കോട്: ജില്ലയില്‍ തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിന് ജില്ലയില്‍ അനുമതി ലഭിച്ച വൈദ്യുതി പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് മൊഗ്രാല്‍ ദേശീയ വേദി അധികൃതര്‍ക്ക് നിവേദനം നല്‍കി. ജില്ലയിലെ വൈദ്യുതി വിതരണത്തിന് കാലപഴക്കം ചെന്ന സംവിധാനങ്ങളാണ് ഇപ്പോഴുള്ളത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. ഒരു ചാറ്റല്‍ മഴ പെയ്താലോ കാറ്റടിച്ചാലോ വൈദ്യുതി തടസ്സപ്പെടുന്ന സംവിധാനങ്ങള്‍ മാറേണ്ടതുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനങ്ങളിലേക്ക് കെഎസ്ഇബി മാറണം. നിലവിലെ സംവിധാനത്തില്‍ ഉദ്യോഗസ്ഥ- ജീവനക്കാരുടെ കുറവ് പദ്ധതിയുടെ വേഗതയ്ക്ക് തടസ്സമാകുന്നുമുണ്ട്. മാത്രവുമല്ല ചന്ദ്രഗിരിയില്‍ നിന്ന് വടക്കോട്ടേക്ക് വൈദ്യുതി പദ്ധതികള്‍ക്ക് നാമമാത്രമായ ഫണ്ടേ അനുവദിക്കുന്നുള്ളൂ എന്ന ആക്ഷേപവുമുണ്ട്. ഇതിന് പരിഹാരം ഉണ്ടാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെയും, ജില്ലാ വികസന പാക്കേജിലും ജില്ലയിലേക്ക് ലഭിക്കുന്ന വൈദ്യുതി പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോര്‍സിന്റെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി സര്‍ക്കാറില്‍ ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ദേശീയവേദിയുടെ നിവേദനത്തില്‍ പറയുന്നു.
മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ കാസര്‍കോട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, എസ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ് ഭട്ട് എന്നിവര്‍ക്ക് നിവേദനം നല്‍കി. സെക്രട്ടറി എംഎ മൂസ, ട്രഷറര്‍ പിഎം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ജോയിന്‍ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എംഎ അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്ല കുഞ്ഞി നടുപ്പളം എന്നിവരാണ് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയത്.
