നാരായണന്‍ പേരിയ
‘പാങ്ങുള്ള ബജാര്‍’-ആണ് നഗരസഭയുടെ ലക്ഷ്യമെന്നു കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ കാസര്‍കോട് നഗരം വീര്‍പ്പുമുട്ടുന്നു എന്നാണ് വാര്‍ത്തകള്‍. അനധികൃത വാഹനപാര്‍ക്കിങ്ങാണത്രെ നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നത്. കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ വഴിയോരക്കച്ചവടക്കാരുമുണ്ട്. ഫുട്പാത്തില്‍ നിന്നു കൊണ്ടാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നത്. വഴിയോരത്താണ് കടകളെങ്കില്‍ അതല്ലേ ചെയ്യുക? എവിടെയെല്ലാമാണ് വീര്‍പ്പുമുട്ടല്‍ കൂടുതല്‍ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എണ്ണിപ്പറയുന്നു. ഈ ദുരവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് എം.എല്‍.എ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നാണറിയുന്നത്. പ്രധാന റോഡുകളുടെ വീതി കൂട്ടാന്‍ നഗരസഭ നടപടി ആരംഭിച്ചു എന്നും പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരമായി പാര്‍ക്കിംഗ് പ്ലാസ നിര്‍മ്മിക്കും എന്നും ചെയര്‍മാന്‍ അറിയിച്ചതാണ്. നിര്‍മ്മിച്ചു കഴിഞ്ഞോ ആവോ? അറിയില്ല. ഇപ്പോള്‍ പ്ലാസ എന്നു പറയുന്നു. അതെന്താണെന്നു നാട്ടുകാര്‍ ആരായുന്നു.
ചെയര്‍മാന്‍ മത്സ്യമാര്‍ക്കറ്റിലേക്ക് പോകാറുണ്ടോ എന്നറിയില്ല. അവിടെ മീന്‍ വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും ദുരവസ്ഥ എന്തായാലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു തൊഴിലാളി യൂണിയന്റെ പ്രസ്താവന കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നി. അവിടെ അനധികൃത പാര്‍ക്കിംഗ് മാത്രമല്ല, അനധികൃത പരിഷ്‌കാരങ്ങളുമാണത്രെ. അലിഖിതവും നിയമവിരുദ്ധവുമായ പരിഷ്‌കാരങ്ങള്‍. രാവിലെ 6 മണിക്കു ശേഷം മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ കയറ്റാന്‍ പാടില്ലത്രെ. ചില ബാഹ്യശക്തികളുടെ നിബന്ധന. ആരുടെയോ താല്‍പര്യത്തിനു വേണ്ടി ഉണ്ടാക്കിയ പരിഷ്‌കാരങ്ങള്‍. ചില ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ് മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് എന്ന് തൊഴിലാളി യൂണിയന്‍ നേതാവ് പ്രസ്താവനയില്‍ വിരല്‍ചൂണ്ടി പറയുന്നുണ്ട്. നഗരസഭാ ചെയര്‍മാന്റെ നേരെയാണ് വിരല്‍ ചൂണ്ടുന്നത്. (ലേഖകന്‍ ‘ബാഹ്യശക്തികള്‍’ എന്ന് ആവര്‍ത്തിച്ചു പ്രയോഗിക്കുന്നുണ്ട്)
ഈ വീര്‍പ്പുമുട്ടല്‍, തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ എപ്പോഴാണ് തുടങ്ങിയത്? ഇതു കൊണ്ട് എന്തു നേട്ടമാണ് സമൂഹത്തിനു ഉണ്ടായിട്ടുള്ളത്?
മത്സ്യമാര്‍ക്കറ്റ് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കണം, മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ കയറ്റണം എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്ലതു തന്നെ. പക്ഷെ, എപ്പോഴാണ് ഈ ബോധമുദിച്ചത്? ഇപ്പറഞ്ഞതെല്ലാം സാധ്യമാക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ നഗരത്തിലുണ്ടോ? അടിസ്ഥാന സൗകര്യമില്ലെങ്കില്‍ ഇതൊക്കെ എങ്ങനെയാണ് യാഥാര്‍ത്ഥ്യമാകുക? ചെയര്‍മാന്റെ സ്വപ്‌നം! പാങ്ങുള്ള ബജാര്‍! സ്വാഗതാര്‍ഹമാണ്;പക്ഷെ,
എങ്കിലും ചെയര്‍മാനേ, താങ്കള്‍ കാണും
സങ്കല്‍പലോകമല്ലീ നഗരം!
(മഹാകവി ചങ്ങമ്പുഴയോട് കടപ്പാട്, വരികള്‍ ഭേദഗതി വരുത്തിയതിന് ക്ഷമാപണം)