കൊച്ചി: ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിവി അന്‍വറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘവുമാണ് താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനില്‍ക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ഡോക്ടര്‍മാരോട് തട്ടിക്കയറിയതായും പരാതിയില്‍ പറയുന്നു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ബ്ലോക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു എന്ന വസ്തുതയെ മറച്ചു വച്ച എംഎല്‍എ സൂപ്രണ്ട് 10 മണിയായിട്ടും ഓഫീസിലെത്തിയില്ല എന്ന് ആരോപിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെടുകയും ചേലക്കര പൊലീസ് സ്ഥലത്തെത്തുകയും ചെയ്തതോടെയാണ് സംഘം സ്ഥലം വിട്ടത്. എംഎല്‍എക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.