കാസര്‍കോട്: തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിന്റെ അവസാന ദിവസം അക്രമം അഴിച്ചുവിട്ട് വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശഹ്ബാ(19)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുഹമ്മദ് ശഹ്ബാന്റെ നേതൃത്വത്തില്‍ 20-ഓളം പേര്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറി പിടിഎ വൈസ് പ്രസിഡന്റിനെയും ഓഫീസ് ജീവനക്കാരനെയും ചീത്ത വിളിക്കുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഓഡിറ്റോറിയത്തില്‍ കയറി പടക്കം പൊട്ടിക്കുകയും, ഓഫീസ് റൂമിലെ ജനലുകള്‍ തകര്‍ക്കുകയും, ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
