ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാനും കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നേരെ വധ ഭീഷണി ഉയര്‍ത്തിയ 20 വയസുകാരന്‍ അറസ്റ്റില്‍. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
സംഭവത്തില്‍ മുംബൈ പൊലീസ് നോയിഡയില്‍ വച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് കോടിരൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പേരില്‍ ജംഷഡ്പൂരിലെ പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹുസൈന്‍ ഷെയ്ഖ് മൗസിന്‍ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.
നേരത്തെ ലോറന്‍സ് ബിഷ്‌ണോയിയുടെ സഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നത്. അതേസമയം ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി. ആത്മീയ പ്രവര്‍ത്തനമാണ് അഭിനവിന്റെ മാര്‍ഗമെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമ്മ ജ്യോതി അറോറ പറഞ്ഞു.