ഭോപ്പാല്‍: ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നവവധു കൂട്ടബലാത്സംഗത്തിന് ഇരയായി. എട്ട് പേര്‍ ചേര്‍ന്നാണ് 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം കൂട്ടബലാത്സംഗത്തിരയാക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുയുവാക്കള്‍ പിടിയിലായി.
ഒക്ടോബര്‍ 21 ന് മധ്യപ്രദേശിലെ റിവ ജില്ലയിലുള്ള ഗുര്‍ഹ് എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യുവതി അടുത്ത ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രേവ പൊലീസ് എട്ട് പ്രതികളില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. രാംകിഷന്‍ കോരി, ദീപക് കോരി, രവീഷ് ഗുപ്ത, സുശീല്‍ കോരി, രാജേന്ദ്ര കോരി, ഗരുഡ് കോരി, ലവ്കുഷ് കോരി, രജനിഷ് കോരി എന്നിവരാണ് പ്രതികളെന്നും ഇവരെല്ലാവരും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. ഭൈരവ് ബാബ സ്ഥാന്‍ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ഒരുസംഘം യുവാക്കളുടെ പാര്‍ടി നടക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അഞ്ചുപേരാണു സംഘത്തിലുണ്ടായിരുന്നത്. പിന്നീട് മൂന്നു പേര്‍ കൂടി സ്ഥലത്തെത്തുകയായിരുന്നു. ഈ സ്ഥലത്ത് എത്തിയ ദമ്പതികളെ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി. ഭര്‍ത്താവിനെ വിളിച്ച് ദൂരെ കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് യുവാക്കള്‍ യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവത്തിന്റെ വീഡിയോവും സംഘം ചിത്രീകരിച്ചു. ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് റിവ എസ്.പി വിവേക് സിംഗ് പറഞ്ഞു. വെള്ളിയാഴ്ചയാണ് 7 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാമനായ രജനിഷ് കോരി എന്ന പ്രതി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.