ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാ റൈ ഒടുവിൽ പിടിയിൽ, മുൻ ഡിവൈഎഫ്ഐ നേതാവ് പിടിയിലായത് കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെ

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാ റൈ ഒടുവിൽ പിടിയിൽ. കാസർകോട് വിദ്യാനഗറിൽ വച്ചാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റായിയെ പിടികൂടിയത്. കോടതിയിൽ കീഴടങ്ങാൻ വരവിയാണ് പിടിയിലായത്. സച്ചിത റായിയെ അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. 12ലധികം കേസുകളാണ് സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കുമ്പള, ബദിയഡുക്ക, മേൽപറമ്പ്, ആദൂർ, മഞ്ചേശ്വരം, കർണ്ണാടകയിലെ ഉപ്പിനങ്ങാടി എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റായിക്കെതിരെയാണ് ആദ്യം പരാതിയുമായി എത്തിയത് കുമ്പള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയാണ്. ഇതിന് പിന്നാലെ സച്ചിതയെ ഡിവൈഎഫ് ഐ പുറത്താക്കിയിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻ്റ് മാനേജർ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു നിശ്മിതയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത്.കർണാടക എക്സൈസിൽ ക്ലർക്കിൻറെ ജോലി ശരിയാക്കി നൽകുമെന്ന വാഗ്ദാനത്തിലാണ് മോക്ഷിത് ഷെട്ടിയിൽ നിന്നും യുവതി ഒരു ലക്ഷം രൂപ വാങ്ങിയത്. കാസർകോട്ടെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ദേലംപാടി സ്വദേശി കുമാരി സുചിത്രയിൽ നിന്ന് 7,31,500 രൂപ തട്ടിയെടുത്തത്. ജനുവരി എട്ടിനും 14നും ഇടയിലുള്ള കാലയളവിലാണ് ഇത്രയും തുക നൽകിയതെന്നും പരാതിയിൽ പറയുന്നു. കർണാടക എക്സൈസിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞാണ് ബി എസ് മലേഷിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയത്. കേസുകളുടെ എണ്ണം ഡസനില്‍ എത്തിയിട്ടും സച്ചിതയെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിനായി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപം നൽകിയിരുന്നു. പിടികൂടാത്തതിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page