നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി, ചിതയ്ക്ക് തീകൊളുത്തിയത് പെണ്‍മക്കള്‍

മലയാലപ്പുഴ: നിറഞ്ഞ മിഴികളോടെ നവീന്‍ ബാബുവിന് നാട് യാത്രാമൊഴി നല്‍കി. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി.
മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കത്തുന്ന ചിതയ്ക്കു മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.
വീട്ടുവളപ്പിലാണു നവീന്‍ ബാബുവിന്റെ അന്ത്യയാത്രയ്ക്കു ചിതയൊരുക്കിയത്.
ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ വീണ ജോര്‍ജും കെ രാജനും നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. രാവിലെ മുതല്‍ കെ രാജന്‍ വീട്ടിലുണ്ടായിരുന്നു. നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ നവീന്‍ ബാബുവിനെ ചിതയിലേക്കെടുത്തത് മന്ത്രി അടക്കമുള്ളവരാണ്. മൃതദേഹത്തിന്റെ ഓരോ അറ്റത്തും മന്ത്രി രാജനും കെ ജെനീഷ് കുമാര്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും പിടിച്ചിരുന്നു. നേരത്തെ, സഹോദരന്റെ മക്കള്‍ ചിത കൊളുത്തുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകള്‍ ചെയ്യാന്‍ തയ്യാറാണെന്ന് പെണ്‍മക്കള്‍ അറിയിക്കുകയായിരുന്നു.
നവീന് അന്ത്യാഞ്ജലിയേകാന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുവന്നത്. കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. അങ്ങേയറ്റം വൈകാരികമായി സഹപ്രവര്‍ത്തകനോട് അടുപ്പം സൂക്ഷിക്കുന്ന കുറെയധികം ആളുകള്‍ അവസാനമായി നവീന്‍ ബാബുവിനെക്കാണാന്‍ കളക്ടറേറ്റില്‍ എത്തി ഒരു അപൂര്‍വ്വ വിടവാങ്ങലിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page