കാസർകോട്: നഗരത്തിലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പിടികൂടിയ ഓട്ടോറിക്ഷ പൊലീസ് വിട്ടുനൽകാത്തതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് കാസർകോട് സ്വദേശി അബ്ദുൽ സത്താർ(55) ക്വാർട്ടേഴ്സിനകത്ത് ആത്മഹത്യ ചെയ്തത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. സത്താറിൻ്റെ മരണത്തിൽ ഓട്ടോ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ആത്മഹത്യക്ക് മുമ്പ് പൊലീസിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് സത്താർ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പൊലീസ് തൻ്റെ വാക്കുകളെ പാടെ അവഗണിച്ചതിൽ വേദനയുണ്ടെന്ന് വീഡിയോയിൽ പറയുന്നു. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാർഗമെന്നും ഓട്ടോ ഇല്ലാത്തതിനാൽ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താർ വീഡിയോയിൽ പറയുന്നുണ്ട്. സംഭവം വിവാദമായതോടെ എസ്ഐ അനൂബിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് ചീഫ് ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസിൻ്റെ അന്വേഷണച്ചുമതല.