മംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മംഗ്‌ളൂരു, കുളുര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മുന്‍ എം.എല്‍.എ. മൊഹ്‌യുദ്ദീന്‍ ബാവയുടെ സഹോദരനാണ് മുംതാസ് അലി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുംതാസ് അലിയെ കാണാതായത്. ഇയാളുടെ കാര്‍ ഞായറാഴ്ച പുലര്‍ച്ചെ കുളൂര്‍ പാലത്തിനു സമീപത്ത് കാണപ്പെട്ടിരുന്നു. മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്നു കാര്‍ കാണപ്പെട്ടത്. കാര്‍ നിര്‍ത്തിയിട്ട ശേഷം മുംതാസ് അലി പുഴയിലേക്ക് ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. മകളുടെ ഫോണിലേക്ക് ‘താന്‍ തിരിച്ചു വരില്ല’ എന്ന സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ച മകള്‍ മുംതാസ് പിതാവിനെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. എന്നാല്‍ കാറിന്റെ മുന്‍വശം അപകടത്തില്‍പ്പെട്ടതു പോലെ തകര്‍ന്നത് എങ്ങിനെയെന്ന് വ്യക്തമല്ല. മുംതാസ് അലിയുടെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേ സമയം മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയതിനു ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്ത്രീയടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മംഗ്‌ളൂരുവിലെ മലയാളി സമൂഹവുമായും കാന്തപുരം എ.പി സുന്നി വിഭാഗവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മുംതാസ് അലി.
