കാസര്‍കോട്: ബേക്കറി ഉടമയെ കാറില്‍ തട്ടിക്കൊണ്ടു പോയി 9 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ബദിയഡുക്ക, കോളിയടുക്കം സ്വദേശികള്‍ അറസ്റ്റില്‍. ബദിയഡുക്കയിലെ യു.എന്‍ മുസമ്മില്‍(24), ചെമ്മനാട്, കോളിയടുക്കത്തെ എ. അഷ്‌റഫ് (24) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എ.സി.പി ടി.കെ രത്‌നകുമാര്‍, ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ്, എസ്.ഐ കെ. സുഭാഷ് ബാബു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
സെപ്തംബര്‍ 28ന് കൂട്ടുപ്രതിയായ കല്യോട് സ്വദേശി എന്‍.സിജോയി(37)യെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. സിജോയിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അക്രമത്തിനു ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ ബേക്കറി നടത്തുന്ന ഏച്ചൂര്‍, കമാല്‍പീടികയിലെ പി.പി മുഹമ്മദ് റഫീഖ് ആണ് സെപ്തംബര്‍ അഞ്ചിനു പുലര്‍ച്ചെ അക്രമത്തിനു ഇരയായത്. ബംഗ്‌ളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസില്‍ എത്തിയ പി.പി മുഹമ്മദിനെ കമാല്‍പീടികയ്ക്കു സമീപത്തുവച്ച് കാറിലെത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും 9 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കാപ്പാട്ടെ വിജനമായ സ്ഥലത്തു ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് കേസ്. ഒളിവില്‍ പോയ മുഖ്യപ്രതികളടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
