കണ്ണൂര്‍: അതിജീവനവും ചെറുത്തുനില്‍പ്പും നടത്തി ജീവിതം ജീവിച്ചുകാണിച്ച കണ്ണൂരിലെ വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ (46) അന്തരിച്ചു. അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച പയ്യാമ്പലം കടപ്പുറത്ത് നടക്കും. ജീവിക്കുവാനായി ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞാണ് ചിത്രലേഖ വാര്‍ത്തകളില്‍ ഇടം നേടിയത്. എടാട്ടായിരുന്നു ഓട്ടോ സ്റ്റാന്റ്. ഇതിനിടയില്‍ കിണറില്‍ നിന്നും വെള്ളം കോരുന്നതിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായി. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്കു തീയിട്ടു. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചിത്രലേഖയ്ക്കു പുതിയ ഓട്ടോ വാങ്ങി നല്‍കി. പിന്നീട് ഓട്ടോ സ്റ്റാന്റ് എടാട്ട് നിന്നു പെരുമ്പയിലേക്ക് മാറ്റി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂര്‍, കാട്ടാമ്പള്ളിയില്‍ ചിത്രലേഖയ്ക്ക് സ്ഥലവും വീടും വയ്ക്കാനുള്ള പണവും അനുവദിച്ചു. സ്ഥലം രജിസ്റ്റര്‍ ചെയ്തുവെങ്കിലും സര്‍ക്കാര്‍ മാറിയതോടെ വീടു നിര്‍മ്മാണത്തിനു അനുവദിച്ച പണം റദ്ദാക്കി. പിന്നീട് കെ.എം ഷാജിയുടെ നേതൃത്വത്തില്‍ കാട്ടാമ്പള്ളിയിലെ സ്ഥലത്ത് ചിത്രലേഖയ്ക്കായി വീടു നിര്‍മ്മിച്ചു നല്‍കി. 2023ല്‍ ചിത്രലേഖയുടെ ഓട്ടോയ്ക്ക് വീണ്ടും തീയിട്ട സംഭവം ഉണ്ടായി. ദളിത് യുവതിയായിരുന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴില്‍ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായതാണ് ചിത്രലേഖയ്ക്ക് ശത്രുക്കളെ ഉണ്ടാക്കിയത്. രണ്ടാം തവണയും ഓട്ടോറിക്ഷ കത്തിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ വിഭാഗം ചിത്രലേഖയ്ക്കു പുതിയ ഓട്ടോ വാങ്ങി നല്‍കി. കണ്ണൂരില്‍ ഓട്ടോ ഓടിക്കാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചില്ല. ഇതിനുള്ള ശ്രമത്തിനിടയിലാണ് അര്‍ബുദ രോഗ ബാധയുണ്ടായത്. വടകര സ്വദേശിയായ ശ്രീഷ്‌കാന്ത് ആണ് ഭര്‍ത്താവ്. മക്കള്‍: മനു (ഓട്ടോഡ്രൈവര്‍ കണ്ണൂര്‍), മേഘ. മരുമക്കള്‍: അശ്വതി, വിനീഷ് (തലശ്ശേരി).
കമ്മ്യൂണിസ്റ്റ് ക്രൂരത , ഇവരുടെ ദളിത് സ്നേഹം കാപട്യം