കാസര്‍കോട്: ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന സന്ദേശവുമായി കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബറില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകളും നീക്കം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഓരോ മാസവും മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കാന്‍ പ്രത്യേകം യോഗം ചേരാമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ച് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ എ.ഡി.എം പി. അഖില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, ഗീത കൃഷ്ണന്‍, അഡ്വ.എന്‍.എന്‍ സരിത, ജില്ലാപഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ പി.. ജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍.രാജേഷ്, വിവിധ വകുപ്പ് മേധാവികള്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് നന്ദിയും പറഞ്ഞു. സര്‍വീസ് ജീവനക്കാരുടെ സംഘടനയും ചരക്ക് സേവന നികുതി ഓഫീസും സംഘടിപ്പിച്ച പരിപാടികള്‍ വൃക്ഷത്തൈ നട്ട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.