കാസര്‍കോട്: ചീമേനി പൊലീസ് മുക്കുപണ്ട തട്ടിപ്പിനു അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന്റെ ആറങ്ങാടി പ്രഭാത-സായാഹ്നശാഖകള്‍, ഹെഡ് ഓഫീസ് എന്നിവിടങ്ങളില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 5.25 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അഷ്‌റഫ്, ബാബു പനങ്കാവ്, മുഹമ്മദ് റയീസ് എന്നിവരുടെ പേരിലാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിപ്പു നടത്തിയത്. ബാങ്ക് അധികൃതര്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.
നീലേശ്വരത്തും സമാന കേസ് രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം സര്‍വ്വീസ് സഹകരണബാങ്കിന്റെ മെയിന്‍ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പാലത്തടം, പുത്തരിയടുക്കത്തെ പി. രാജേഷിനെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 12ന് നാലു വളകള്‍ പണയപ്പെടുത്തി 1,42,000 രൂപയാണ് വായ്പയെടുത്തത്. സംശയം തോന്നി ആഭരണങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടങ്ങളാണെന്നു മനസ്സിലായത്.
മുക്കുപണ്ട പണയതട്ടിപ്പിനു പിന്നില്‍ വന്‍ശൃംഖല തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. തിമിരി ബാങ്കില്‍ വ്യാജ സ്വര്‍ണ്ണം പണയപ്പെടുത്താന്‍ എത്തിയ ചീമേനി, പെട്ടിക്കുണ്ടിലെ രാജേഷ്, കാക്കടവിലെ അഷ്‌റഫ് എന്നിവരെ കയ്യോടെ പിടികൂടിയതോടെയാണ് മുക്കുപണ്ടതട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തിയ മുക്കുപ്പണ്ടങ്ങളെല്ലാം ഒരേ രീതിയിലുള്ളവയാണെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ആഭരണങ്ങള്‍ ഉരച്ചു നോക്കിയാല്‍ പോലും വ്യാജമാണെന്നു വ്യക്തമാകാത്ത രീതിയിലാണ് മുക്കുപണ്ടങ്ങള്‍ ഉണ്ടാക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രഹസ്യകേന്ദ്രത്തില്‍ വച്ച് നിര്‍മ്മിച്ച വ്യാജസ്വര്‍ണ്ണം വിവിധ സ്ഥലങ്ങളിലെ ആള്‍ക്കാര്‍ക്ക് എത്തിച്ചു കൊടുത്ത് പണം തട്ടുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. മുക്കുപണ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയിട്ടുള്ള മുഴുവന്‍ പണയസ്വര്‍ണ്ണങ്ങളുടെയും വിശ്വാസ്യത പരിശോധിക്കാന്‍ സഹകരണ വകുപ്പ് അധികൃതരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.