ഒരു ശരീരം രണ്ടുതലകള്‍, നാലുകണ്ണുകള്‍. കര്‍ണാടകയിലെ മംഗളൂരു കിന്നിഗോളിയില്‍ കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരക്ക്. ദമാസ് കട്ടെ ദുജ്‌ലഗുരി സ്വദേശി ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്. മൂക്കും, വായും ചെവിയും രണ്ടാണ്. പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ രണ്ട് തലയുമായി ജനിച്ചത്. അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടര്‍മാര്‍ അവന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു. ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് ഇപ്പോള്‍ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ പശുക്കിടാവിന് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയാണ് നല്‍കുന്നത്.
പശുക്കിടാവ് ഇതുവരെ സ്വന്തമായി മുലകുടിക്കാന്‍ തുടങ്ങിയിട്ടില്ല. അതിനാല്‍ കുപ്പിപ്പാലാണ് വീട്ടുകാര്‍ നല്‍കുന്നത്. നാല് കണ്ണുകളുണ്ട്, പുറം അറ്റത്തുള്ള രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമാകൂവെന്ന് അധികൃതര്‍ പറയുന്നു. പശുക്കുട്ടിക്ക് സാധാരണ തീറ്റ സ്വഭാവം വളര്‍ത്തിയെടുക്കാന്‍ കഴിയുമെങ്കില്‍, കൂടുതല്‍ കാലം ജീവിക്കാനുള്ള സാധ്യതയുണ്ടെന്ന് മുല്‍ക്കി താലൂക്കിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു.
2016ല്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.