മംഗ്‌ളൂരു: വിവാഹവാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കാലുമാറിയ യുവാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടു പേരെയും കോടതി തടവിനു ശിക്ഷിച്ചു. കര്‍ണ്ണാടക, പുത്തൂര്‍, കബക്കയിലെ മിതേഷി(30)നെ മംഗ്‌ളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (6) പത്തുവര്‍ഷത്തെ കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മിതേഷിന്റെ പിതാവ് രാമണ്ണ പൂജാരി (60), ബന്ധു നിഖിതേഷ് സുവര്‍ണ്ണ (45) എന്നിവരെ അഞ്ചുവര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു.
2019ല്‍ പുത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. മിതേഷും ഒരു യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് മിതേഷ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് കാലുമാറിയ മിതേഷ് മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ ആലോചന തുടങ്ങി. ഈ വിവരമറിഞ്ഞ പരാതിക്കാരി മിതേഷിന്റെ അച്ഛന്‍ രാമണ്ണയെ കണ്ട് തനിക്കുണ്ടായ ദുരനുഭവം അറിയിച്ചുവത്രെ. ഇതേ തുടര്‍ന്ന് രാമണ്ണയും ബന്ധുവായ നിഖിതേഷും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.