സംശയ രോഗത്തെത്തുടര്‍ന്ന് ഭാര്യയെ ദൃശ്യം സിനിമ മോഡലില്‍ കൊലപ്പെടുത്തി മൃതദേഹം കാണാതാക്കിയ യുവാവ് അറസ്റ്റില്‍. ബംഗ്ളൂരു, മാഗഡിപൊലീസ് സ്റ്റേഷന് പരിധിയിലെ ജുഗുളിലാണ് സംഭവം. പൂജ(30)കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണി(39)നെയാണ് അറസ്റ്റു ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”പത്തുവര്‍ഷം മുമ്പാണ് കിരണും പൂജയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചുവര്‍ഷം കഴിഞ്ഞതോടെ കിരണ്‍ ഭാര്യയെ സംശയിക്കാന്‍ തുടങ്ങി. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും വഴക്കിലുമെത്തി. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും കിരണിന്റെ അസുഖം വര്‍ധിച്ചുവന്നു. ഇതിനിടയിലാണ് മലയാളത്തില്‍ ഇറങ്ങിയ ദൃശ്യം സിനിമ കിരണ്‍ കണ്ടത്. ഭാര്യയെ വീട്ടില്‍ വച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം വീടിനു സമീപത്തെ വനത്തിലെത്തിച്ച് കുഴിച്ചിട്ടു. പിന്നീട് സുഹൃത്തുക്കള്‍ അറിയാതെ സ്ഥലത്തു നിന്നും പൂജയുടെ മൃതദേഹം മാന്തിയെടുത്ത് മറ്റൊരു സ്ഥലത്ത് എത്തിച്ചു. മൃതദേഹം കത്തിക്കുകയും കത്താതെ അവശേഷിച്ച ഭാഗങ്ങള്‍ കുഴിച്ചിടുകയും ചെയ്തു. പൂജ എവിടെയെന്ന് ബന്ധുക്കളും നാട്ടുകാരും ചോദിച്ചപ്പോള്‍ ഒളിച്ചോടി പോയെന്നാണ് കിരണ്‍ പറഞ്ഞിരുന്നത്. ബന്ധുക്കള്‍ ഇതു വിശ്വസിക്കുകയും ചെയ്തു. അടുത്തിടെ ബംഗ്ളൂരുവില്‍ സമാനമായ രീതിയിലുള്ള ഒരു കൊലപാതകം നടന്നു. പ്രസ്തുത കേസില്‍ പൊലീസ് അന്വേഷണം നടത്തി മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ കിരണിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇയാളില്‍ നിന്നാണ് പൂജ കൊലക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കിരണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലക്കേസിന്റെ ചുരുളഴിഞ്ഞത്.”