കണ്ണൂര്‍: കണ്ണൂര്‍, ശ്രീകണ്ഠാപുരം ചെങ്ങളായില്‍ വീണ്ടും നിധി കണ്ടെത്തി. ശനിയാഴ്ച രാവിലെ കണ്ടെത്തിയ വെള്ളി നാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍ ഉള്ളതായി വിദഗ്ധര്‍ പറഞ്ഞു; നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നിധിയെന്ന് പുരാവസ്തു വൃത്തങ്ങള്‍ വ്യക്തമാക്കി.
പരിപ്പായി ഗവ. യു.പി സ്‌കൂളിനു സമീപത്തെ പുതിയ പുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തിലാണ് വന്‍നിധി ശേഖരം കണ്ടെത്തിയത്. വെള്ളിയാഴ്ച തൊഴിലുറപ്പ് തൊഴിലാളികള്‍ റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ എടുക്കുന്നതിനിടയിലാണ് ആദ്യം നിധി ലഭിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നിധി കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. നിധിയെക്കുറിച്ച് പഠിക്കാന്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ എത്തുമെന്നു വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ വീണ്ടും നിധി കണ്ടെത്തിയത്. വെള്ളിയാഴ്ച നിധി കണ്ടെത്തിയ റബ്ബര്‍ തോട്ടത്തിലെ അതേ സ്ഥലത്തിനു സമീപത്താണ് വീണ്ടും നിധി കണ്ടെത്തിയത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ടു സ്വര്‍ണ്ണ മുത്തുമണികളുമാണ് ലഭിച്ചത്. വെള്ളിനാണയങ്ങളിലാണ് അറബി എഴുത്തുകള്‍ കാണപ്പെട്ടത്. ഇന്നു കിട്ടിയ നിധി പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ ശ്രീകണ്ഠാപുരം പൊലീസിനു കൈമാറി.
