കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളി പണിക്കര്‍(54) അന്തരിച്ചു. മാണിയാട്ട് സ്വദേശിയാണ്. ഏറെ നാളായി ചികില്‍സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് സംസ്‌കാരം. ചെണ്ടയില്‍ താളം കൊണ്ട് വിസ്മം തീര്‍ക്കുന്ന കലാകരനായിരുന്നു മാണിയാട്ടെ മുരളി പണിക്കര്‍.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കളിയാട്ടങ്ങളിലും തെയ്യംകെട്ടിലും മുരളിപ്പണിക്കരുടെ ചെണ്ട പ്രസിദ്ധമായിരുന്നു. എട്ടാമത്തെ വയസ്സില്‍ തെയ്യത്തിന് കൊട്ടാന്‍ തുടങ്ങിയതാണ്. 47 വര്‍ഷമായി മേളത്തിന്റെ വഴിയിലായിരുന്നു. പെരുങ്കളിയാട്ടത്തിലടക്കം നിരവധി തെയ്യങ്ങള്‍ കെട്ടിയാടി. പണിക്കര്‍ സ്ഥാനം ലഭിച്ചത് പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവ് ക്ഷേത്രത്തില്‍നിന്നാണ്. മേലേരിയില്‍ 101 തവണ വീഴുന്ന തീക്കോലമായ വിഷ്ണുമൂര്‍ത്തിയടക്കമുള്ള തെയ്യങ്ങളിലൂടെ മികവ് തെളിയിച്ചു. തെയ്യക്കോലം കെട്ടുന്നതിനെക്കാള്‍ വാദ്യലോകമായിരുന്നു മുരളിയുടെ തട്ടകം. മൃദംഗം, തബല, ഡോലക്ക്, ട്രിപ്പിള്‍ തുടങ്ങിയവയും കൈകാര്യം ചെയ്യാന്‍ കഴിയും. തായമ്പകയിലും കഴിവ് അടയാളപ്പെടുത്തി. പെരുങ്കളിയാട്ടവേദിയില്‍ തെയ്യങ്ങളുടെ ആട്ടങ്ങള്‍ക്കും നടനങ്ങള്‍ക്കും അനുസരിച്ച് ചെണ്ട കൊട്ടിയപ്പോള്‍ പല പ്രഗല്‍ഭരും മുരളിയെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, നെടുമുടി വേണു തുടങ്ങിയവര്‍ നേരിട്ട് തെയ്യാട്ടവേദിയില്‍ വന്ന് അഭിനന്ദനമറിയിച്ചത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് പറയുന്നു.

ആദ്യകാലത്ത് ഗാനമേളകളിലും കഥാപ്രസംഗ പിന്നണിയിലും തബലയും ട്രിപ്പിളും വായിച്ചിരുന്നു. ചരിത്രനാടകങ്ങള്‍ക്കും നൃത്തനാടകങ്ങള്‍ക്കും ചെണ്ടകൊട്ടി. തെയ്യത്തിന്റെ ഇടവേളകളില്‍ ചെണ്ടയില്‍ പരിശീലനവും നല്‍കിവന്നിരുന്നു. ഇതിനകം ഇരുപതോളം പുരുഷ-വനിതാസംഘങ്ങളെ ചെണ്ട അഭ്യസിപ്പിച്ച് വേദിയിലെത്തിച്ചിട്ടുണ്ട്. മാണിയാട്ടെ തെയ്യം കലാകാരനായിരുന്ന പരേതരായ എം.കൃഷ്ണന്‍ പണിക്കരുടെയും എം.ചെറിയയുടെയും മകനാണ്. സൗമ്യയാണ് ഭാര്യ.