കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വന്‍ നിധിശേഖരം കണ്ടെത്തി. ചെങ്ങളായി, പരിപ്പായി ഗവ.യു.പി സ്‌കൂളിനു സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഭണ്ഡാരം എന്നു തോന്നിപ്പിക്കുന്ന പിത്തള പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരം കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ കുഴിച്ചു കൊണ്ടിരിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിധി ലഭിച്ചത്. ഒരു മീറ്റര്‍ ആഴത്തിലുള്ള കുഴിയെടുത്തപ്പോള്‍ തൂമ്പയുടെ അറ്റം മുട്ടി പ്രത്യേക ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. സംശയം തോന്നി അല്‍പം കൂടി കുഴിച്ചു നോക്കിയപ്പോഴാണ് നിധി സൂക്ഷിച്ച പേടകം കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോള്‍ തങ്ങളുടെ കണ്ണു തള്ളിപ്പോയെന്ന് തൊഴിലാളി പറഞ്ഞു. വിവരം ഉടന്‍ തോട്ടം ഉടമയേയും ഉടമ പൊലീസിനെയും അറിയിച്ചു. ശ്രീകണ്ഠാപുരം എസ്.ഐ എം.പി ഷിജുവിന്റെ നേതൃത്വത്തില്‍ പൊലീസെത്തി നിധി കസ്റ്റഡിയിലെടുത്തു. 17 മുത്തുമണികള്‍, പഴയ ലോക്കറ്റുകള്‍, കാശുമാല, പതക്കങ്ങള്‍, മോതിരങ്ങള്‍, കമ്മല്‍ എന്നിവയാണ് നിധി പേടകത്തിനു അകത്ത് ഉണ്ടായിരുന്നത്. വിവരം പുരാവസ്തു വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
