കണ്ണൂര്‍: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. തലശ്ശേരി, കതിരൂര്‍, എതുപ്പടിയിലെ ശരതി(35)നെയാണ് തലശ്ശേരി എസ്.ഐ ബി.വി ദീപ്തി അറസ്റ്റ് ചെയ്തത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന മഞ്ഞോടി വയല്‍പ്പുരയില്‍ വീട്ടില്‍ കെ. ജാനകി(81)യുടെ കഴുത്തില്‍ നിന്നാണ് ശരത് മാല പൊട്ടിച്ചത്. കാര്‍ ക്ഷേത്ര പരിസരത്ത് നിര്‍ത്തിയിട്ട ശേഷം ശരത് വയോധികയെ പിന്തുടര്‍ന്നാണ് മാലപൊട്ടിച്ചോടിയത്. കാറില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ഏതാനും ദിവസം മുമ്പ് പള്ളൂരിലും ഒരു വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചിരുന്നതായി ശരത് പൊലീസിനോട് പറഞ്ഞു. മുക്കുമാല ആയതിനാലാണ് നഷ്ടപ്പെട്ട സ്ത്രീ പൊലീസില്‍ പരാതി നല്‍കാതിരുന്നത്. ബീഹാറിലെ ആര്‍മി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ശരത്. ഓഹരി വിപണിയില്‍ വലിയ തുക നഷ്ടപ്പെട്ടിരുന്നുവെന്നും അത് വീണ്ടെടുക്കാനാണ് മാല മോഷ്ടിച്ചതെന്നുമാണ് ശരത് പൊലീസിന് നല്‍കിയ മൊഴി.
