കാസര്‍കോട്: ബോവിക്കാനം, മല്ലത്തെ വിക്ടര്‍ ഡിസൂസയുടെ മകന്‍ പ്രവീണ്‍ പ്രകാശ് ഡിസൂസ (28)യെ കാണാതായത് സംബന്ധിച്ച് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. ടൈല്‍സ് ജോലിക്കാരനായ പ്രവീണ്‍ പ്രകാശിനെ ഏപ്രില്‍ 18നാണ് കാണാതായത്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയോ, തിരിച്ചെത്തുകയോ ചെയ്തില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. സാധാരണ ഗതിയില്‍ വീട്ടില്‍ നിന്ന് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചെത്താറ്. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കാറുണ്ട്. ഇത്തവണ വീട്ടില്‍ നിന്ന് പോയതിന് ശേഷം ഒരു വിവരവും ലഭിക്കാത്തതാണ് തിരോധാനത്തില്‍ ദുരൂഹത ഉണ്ടാകാന്‍ ഇടയാക്കിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രവീണ്‍ പ്രകാശിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
