കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ പി.ടി.എ ഭാരവാഹികളെയും പരാതിക്കാരനെയും തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ജുലൈ അഞ്ചിന് ഒരു സംഘം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനാണ് പി.ടി.എ ഭാരവാഹികള്‍ തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയത്. ഈ സമയത്തായിരുന്നു അക്രമിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതെന്ന് കേസില്‍ പറയുന്നു.
