കാസര്‍കോട് സിപിഎമ്മിലും തെറ്റു തിരുത്തല്‍ നടപടി തുടങ്ങി; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച യുവ നേതാവിനെതിരെ അന്വേഷണം, കമ്മീഷനെ നിയോഗിച്ചു

കാസര്‍കോട്: ലോക്്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടും തെറ്റു തിരുത്തല്‍ നടപടിക്ക് തുടക്കം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച യുവ നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. ഉദുമ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി ഭാസ്‌കരന്‍, ടി. നാരായണന്‍, എന്‍.പി രാജേന്ദ്രന്‍ എന്നിവരടങ്ങിയ കമ്മീഷനെയാണ് ഏരിയാ കമ്മിറ്റി യോഗം ഇത് സംബന്ധിച്ച അന്വേഷണത്തിന് നിയോഗിച്ചത്. സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗം കെ. കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗമാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
ആരോപണ വിധേയനായ ഏരിയാ കമ്മിറ്റി അംഗത്തിന്റെ വരുമാനവും ചെലവും പെരുത്തപ്പെടുന്നതല്ലെന്നും വലിയ വ്യത്യാസമുണ്ടെന്നുമാണ് പരാതി. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരുനില വീടുവെച്ചു. ജോലി നേടാന്‍ അരക്കോടി രൂപ നല്‍കി. 22 ലക്ഷം രൂപയുടെ കാര്‍ വാങ്ങി എന്നിവയാണ് യുവ നേതാവിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍. ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നുവെന്നാണ് ആരോപണ വിധേയനായ നേതാവ് വിശദീകരിച്ചത്. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണകമ്മീഷനെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചത്.

One Comment

  1. ഏരിയ കമ്മറ്റി അംഗം ഊരും പേരും ഇല്ലാത്തയാളാണോ?

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page