കാസര്‍കോട്: രേഖയ്ക്ക് ഇനി സുജേഷിന്റെ കണ്ണുകളിലൂടെ പുതുജീവിതം. ജന്മനാ അന്ധയായ പെരിയ, വടക്കേക്കരയിലെ രേഖയും വലിയപറമ്പ, സ്വദേശി സുജേഷും തമ്മിലുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. പെരിയയിലെ സുമംഗലി ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ആയിരത്തിലധികമാളുകള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരെ ഇവര്‍ ആശീര്‍വദിച്ചു. വടക്കേക്കര സ്വദേശിയും റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അച്യുതന്റെയും ശോഭയുടെയും മകളാണ് പാക്കം ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ രേഖ (28). ജന്മനാ അന്ധയാണെങ്കിലും വിധിയോട് പോരാടിയാണ് രേഖ അധ്യാപികയായത്. ഇതിനിടയിലാണ് വലിയ പറമ്പ് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ സുജേഷുമായുള്ള വിവാഹം ഉറപ്പിച്ചത്. രേഖയുടെ ശാരീരിക പരിമിതികളൊക്കെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു തന്നെയാണ് ജീവിതസഖിയാക്കാന്‍ തീരുമാനിച്ചതെന്ന് സുജേഷ് പറഞ്ഞു. പക്ഷെ രേഖയുടെ അച്ഛനും അമ്മക്കും ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളു. തങ്ങള്‍ പൊന്നുപോലെ നോക്കി വളര്‍ത്തി വലുതാക്കിയ മകളുടെ കണ്ണുകളൊരിക്കലും കലങ്ങരുതെന്ന്. നന്മയുടെ പക്ഷത്തു നില്‍ക്കുന്ന സുജേഷിനു ആ ഉറപ്പ് കൊടുക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ സുജേഷും രേഖയും പരസ്പരം വരണമാല്യം ചാര്‍ത്തി പുതുജീവിതത്തിന് തുടക്കം കുറിച്ചു. കല്യാണ ശേഷം ഭര്‍ത്താവിനൊപ്പം യാത്ര തിരിച്ച സമയത്ത് രേഖ ഒരു നിമിഷം വിങ്ങിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കണ്ടുനിന്നവരും ഈറനണിഞ്ഞു.