മംഗളൂരു: മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 21 ന് പിഡബ്ല്യുഡി കരാറുകാരൻ പത്മനാഭ കൊട്ടിയൻ്റെ ഉളൈബെട്ടിലുള്ള വസതിയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഏഴ് മലയാളികൾ അടക്കം പത്ത് പേർ അറസ്റ്റിൽ. കാസർകോട് സ്വദേശി സക്കീർ ഹുസൈൻ(56), ഉപ്പള സ്വദേശി ബാലകൃഷ്‌ണ ഷട്ടി, തൃശൂർ സ്വദേശി വിനോജ് (38), കുമാരനല്ലൂർ സ്വദേശി സജീഷ് എംഎം (32), ഷിജോ ദേവസി(38), തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജോൺ ബോസ്‌കോ ബിജു ജി (41), സതീഷ് ബാബു (44), നീർമാർഗയിലെ വസന്ത് കുമാർ (42), നീർമാർഗയിലെ രമേഷ് പൂജാരി (42), റെയ്മണ്ട് ഡിസൂസ(47) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 21 ന് മുഖംമൂടി ധരിച്ച പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി കരാറുകാരനെയും ഭാര്യയെയും കുട്ടികളെയും ബന്ദിയാക്കി ഭീഷണിപ്പെടുത്തി 9 ലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിക്കുകയായിരുന്നു. മോഷണം തടയാൻ ശ്രമിച്ച കരാറുകാരനെ ഇവർ മർദ്ദിക്കുകയും ചെയ്തു. വീട്ടിൽ നിന്നും തട്ടി കൊണ്ടുപോയ ഇന്നോവ കാർ വഴിയിൽ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി ലോറി ഡ്രൈവറായി കരാറുകാരൻ്റെ കീഴിൽ ജോലി ചെയ്തു വരികയും ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ വസന്ത് പൂജാരിയാണ് മോഷണത്തിലെ സൂത്രധാരൻ. നേരത്തെ മോഷണം നടത്തി പരിചയമുള്ള വസന്ത്, രമേഷ്, റെയ്മണ്ട്, ബാലകൃഷ്ണ എന്നിവർ ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തത്. എട്ട് മാസം മുമ്പാണ് പദ്ധതി തയ്യാറാക്കിയത്. കരാറുകാരൻ്റെ പക്കൽ 100 മുതൽ 300 കോടി രൂപ വരെ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള പ്രതികളെ സൂത്രധാരൻ അറിയിച്ചിരുന്നു. കവർച്ചയ്ക്ക് നാല് ദിവസം മുമ്പ് സംഘം മംഗളൂരുവിലെത്തി ഹോട്ടലിൽ താമസിച്ചിരുന്നു. ജൂൺ 18-ന് കവർച്ചയ്ക്ക് എത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ജൂൺ 21-ന്എത്തിയാണ് മോഷണം നടത്തിയത്. മോഷണം നടത്തുമ്പോൾ എല്ലാവരും ഹിന്ദിയിലാണ് സംസാരിച്ചത്. കവർച്ചയിൽ ഒരു തെളിവും ലഭിക്കാത്തതിനാൽ പ്രതികളെ പിടികൂടാൻ പൊലീസ് മൂന്ന് സംഘങ്ങൾ രൂപീകരിച്ചിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.
