തിരുവനന്തപുരം: നിങ്ങള്‍ മഹാരാജാവല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ ജനങ്ങളുടെ ദാസനാണെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അതിക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനിടയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊമ്പുകോര്‍ത്തത്.
ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് മുഖ്യമന്ത്രി എസ്.എഫ്.ഐക്ക് നല്‍കിയിരിക്കുകയാണെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
നെറികേടിന്റെ ഇന്‍ക്യുബലേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളില്‍ ഇടിമുറികളുണ്ടാക്കി എതിര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എ.ഐ.എസ്.എഫിനെ പോലും അനുവദിക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. എസ്.എഫ്.ഐ.യെക്കുറിച്ച് സിപിഐ.യുടെ മുഖപത്രം എഴുതിയത് ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങളെന്നാണ്. നിങ്ങള്‍ തെറ്റുകള്‍ തിരുത്തുന്നില്ലെന്ന് തെളിഞ്ഞു-സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസന്‍ മാത്രമാണെന്നും എല്ലാ കാലത്തും താന്‍ ജനത്തിനൊപ്പമായിരിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.
