കാസര്‍കോട്: വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകന്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെക്കുറിച്ചന്വേഷിക്കാന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗമാണ് സമിതി രൂപീകരിച്ചത്. അഡ്വ. എ ഗോപാലന്‍ നായരാണ് സമിതി ചെയര്‍മാന്‍. അഡ്വക്കേറ്റുമാരായ പി.പി ശ്യാമളാ ദേവി, കുസുമ, വിനോദ്, സക്കീര്‍, എ.എന്‍ അശോക് കുമാര്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാര്‍ അസോസിയേഷന് യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസോസിയേഷന്‍ യോഗം ചേര്‍ന്ന് എതിര്‍ കക്ഷിയോട് വിശദീകരണത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പറയുന്നു.
