തിരുവനന്തപുരം: ഉപ്പളയിലെ രാഗം ജങ്ഷനിലും പെര്‍വാഡും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത് പരിഗണിക്കുമെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. രാഗം ജങ്ഷനില്‍ അടിപ്പാത അനുവദിക്കാനും, ഉപ്പളയിലെ മേല്‍പ്പാലത്തിന്റെ നീളം കൂട്ടാനും സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉപ്പളയിലെ മേല്‍പ്പാലത്തിന്റെ നീളം വര്‍ധിപ്പിക്കാനും കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വത്തിന് സര്‍വീസ് റോഡിനോട് ചേര്‍ന്ന് ബസ് വേ സൗകര്യം ഒരുക്കാനും തയ്യാറാകണമെന്ന് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത തലപ്പാടി-ചെങ്കള റീച്ചിലെ നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ, പ്രദേശവാസികളും പൊതുജനങ്ങളും നേരിടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും വേഗതയില്‍ പ്രവൃത്തി പുരോഗമിക്കുന്ന റീച്ചുകളിലൊന്നാണ് തലപ്പാടി-ചെങ്കള. എന്നാല്‍ എഴുപത്തിയഞ്ച് ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായ തോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ടെന്ന് എംഎല്‍എ സഭയെ അറിയിച്ചു.
