കണ്ണൂര്‍: കുപ്രസിദ്ധ ജ്വല്ലറി കൊള്ളക്കാരന്‍ ഹരിയാന സ്വദേശി ദേവേന്ദ്രകുമാര്‍ വീണ്ടും കേരളത്തിലെത്തി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ നടത്തിയ കൊള്ള ശ്രമം പരാജയപ്പെട്ടതോടെ ദേവേന്ദ്രകുമാര്‍ കാസര്‍കോട്ടേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം. കണ്ണൂര്‍ ബെല്ലാഡ് റോഡിലെ ‘അര്‍പ്പത്’ ജ്വല്ലറിയിലാണ് കൊള്ള ശ്രമം നടന്നത്. ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ സുരക്ഷാ അലാറം മുഴങ്ങി. ഇതോടെ ദേവേന്ദ്ര കുമാര്‍ കൊള്ള ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഉടമയായ റിജിന്‍ ജ്വല്ലറി തുറന്ന ശേഷം സിസിടിവിയില്‍ കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തലേന്നാള്‍ നടന്ന കൊള്ള ശ്രമത്തെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് കൊള്ളക്ക് ശ്രമിച്ചത് ദേവേന്ദ്രകുമാര്‍ ആണെന്നു വ്യക്തമായത്. 2021 ല്‍ അര്‍പത് ജ്വല്ലറി കുത്തിത്തുറന്ന് ഏഴു ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ദേവേന്ദ്രകുമാര്‍ ആണെന്ന് വ്യക്തമായിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മൂന്ന് വര്‍ഷം മുമ്പ് കൊള്ള നടത്തിയ ജ്വല്ലറിയെ ലക്ഷ്യമാക്കി വീണ്ടും എത്തിയത്. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ദേവേന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേപ്പാളിലാണെന്ന് സ്ഥിരീകരിച്ചു. ഇത് പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് സംശയിക്കുന്നു. കണ്ണൂരിലെ ശ്രമം പരാജയപ്പെട്ടതോടെ ദേവേന്ദ്രകുമാര്‍ കാസര്‍കോട്ടേക്ക് രക്ഷപ്പെടാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
