കാസര്‍കോട്: ഉപ്പള-പെരിങ്കടി കടപ്പുറം റോഡ് ശക്തമായ തിരമാലയില്‍ തകര്‍ന്നു. ഒരു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന റോഡിലൂടെ വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്.
വര്‍ഷങ്ങളായി കാലവര്‍ഷത്തോടനുബന്ധിച്ച് നാശനഷ്ടമുണ്ടാകുന്ന പ്രദേശമാണ് പെരിങ്കടി. അതുകൊണ്ട് തന്നെ കാലവര്‍ഷക്കാലം പെരിങ്കടി തീരദേശത്തു ഭീതിയുടെയും ആശങ്കയുടെയും കാലമാണ്. 2017 ല്‍ നിയമസഭാ സമിതി തീരദേശ വാസികളുടെ ദുരിതമറിയാന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കടലാക്രമണത്തില്‍ നിന്ന് തീരദേശത്തെ രക്ഷിക്കാന്‍ ചെറുതും വലുതുമായ പദ്ധതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ആ ഇനത്തില്‍ കുറേ പണം കടലെടുത്തു കൊണ്ടു പോവുകയും ചെയ്തുവെന്ന് തീരദേശം നിവാസികള്‍ പറയുന്നു. കടലാക്രമണത്തില്‍ നിന്ന് ഉപ്പള പെരിങ്കടി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ തീര പരിപാലന പദ്ധതി നടപ്പാക്കുകയും കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
