കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച; വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ട്രെയിനിലോ?

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്തെ രണ്ട് കടകളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയവരുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. ഇവ പരിശോധിച്ചുവരികയാണ്.
ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നത്. കറന്തക്കാട്ടുള്ള സിറ്റി കൂള്‍ എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ചു അകത്ത് കടന്ന മോഷ്ടാക്കള്‍ 30,000 രൂപയും മിക്‌സിയും മോഷ്ടിച്ചു. സ്ഥാപന നടത്തിപ്പുകാരനായ കമ്പാറിലെ അബ്ദുല്‍ നിസാറിന്റെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. ചേരങ്കൈയിലെ ഇക്്ബാലിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ വസ്ത്രാലയത്തിലും മലപ്പുറത്തെ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഡ്രൈഫ്രൂട്‌സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമം ഉണ്ടായി. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ തായലങ്ങാടിയില്‍ ഷംസീസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചില്ലീസ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 50,000 രൂപ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. കറന്തക്കാട്ടെ സ്ഥാപനങ്ങളില്‍ കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടത്തിയ മോഷ്ടാക്കള്‍ ഏറ്റവും ഒടുവിലാണ് തായലങ്ങാടിയില്‍ കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. അതിനാല്‍ കവര്‍ച്ചക്കാര്‍ രാത്രി കാലത്തുള്ള ഏതെങ്കിലും ട്രെയിനില്‍ കയറി രക്ഷപ്പെട്ടിരിക്കാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page