കാസര്‍കോട്: കടയിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇരിയ, മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മുട്ടിച്ചരല്‍ വളവിലാണ് അപകടം. സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന തമ്പാനെ ജീപ്പിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അജിത, സജിത. മരുമക്കള്‍: ശശി (തണ്ണോട്ട്), മുരളി (പൊയ്‌നാച്ചി). അപകടത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു.