പിടിയിലായ കള്ളൻ അഭിരാജ് 12 കേസുകളിലെ പ്രതി; ഒറ്റ ദിവസം നടത്തിയത് മൂന്ന് കവർച്ച; നീലേശ്വരം പൊലീസിന് പൊൻ തൂവൽ

കാസർകോട്: നീലേശ്വരം ചിറപ്പുറത്തെ കവർച്ചാക്കേസിൽ പിടിയിലായ കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ് (31) ഒരു ദിവസം നടത്തിയത് മൂന്ന് കവർച്ച. ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽനിന്ന് പകൽ സ്വർണവും പണവും മോഷ്ടിക്കുന്നതിനു മുമ്പായി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ബാലകൃഷ്ണന്റെ മുതിയക്കാലിലെ വീട്ടിൽ നിന്ന് പണവും കവർന്നിരുന്നു. വ്യാഴാഴ്ച ചിറപ്പുറത്ത് ഒരു പൊലീസുദ്യോഗസ്ഥൻ്റെ വീട്ടിലും പ്രതി കവർച്ചാശ്രമം നടത്തിയിരുന്നു. വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല. ഇതിന്റെ അരിശത്തിൽ വീട്ടിൽ ആകെ കനത്ത നാശനഷ്ടം വരുത്തിയാണ് പ്രതി സ്ഥലം വിട്ടത്. നീലേശ്വരത്തെ പട്ടാപകൽ കവർച്ചയ്ക്ക് ശേഷം കോഴിക്കോട്ടേക്ക് മുങ്ങിയ അഭിരാജിനെ മണിക്കൂറുകൾക്കകമാണ് നീലേശ്വരം പൊലീസ് വലയിലാക്കിയത്. വീട്ടിലെയും വഴികളിലെയും സിസിടിവി ദൃശ്യമാണ് പ്രതിയെ കുടുക്കിയത്. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കവർച്ച ചെയ്ത മുഴുവൻ സ്വർണാഭരണങ്ങളും പണവും ഇയാളിൽനിന്ന് കണ്ടെടുത്തു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കവർച്ചാ കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. വ്യാഴാഴ്‌ച ഉച്ചക്കുശേഷമാണ് ചിറപ്പുറത്തെ ഒ വി രവീന്ദ്രൻ്റെ വീട്ടിൽ കവർച്ച നടന്നത്. 20 പവൻ സ്വർണാഭരണവും പതിനായിരത്തിലധികം രൂപയുമാണ് നഷ്ടമായത്. അലമാരയിൽ സൂക്ഷിച്ച രവീന്ദ്രൻ്റെ മകളുടെ സ്വർണാഭരണമാണ് നഷ്ടമായത്. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണന്റെ മുതിയ കാലിലെ വീട്ടിലാണ് വ്യാഴാഴ്ച പകൽ 11 ഓടെ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച 25000 രൂപയാണ് കവർന്നത്. രാവിലെ പത്തിന് പരിശോധനക്കായി ആശുപത്രിയിൽ പോയതായിരുന്നു ബാലകൃഷ്ണൻ. ഇതിനുശേഷം പ്രതി ബൈക്കിൽ നീലേശ്വരത്ത് എത്തുകയായിരുന്നു. നീലേശ്വരത്ത് കവർച്ച ചെയ്യാൻ എത്തിയ രണ്ടുപേർ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവിയിൽ പതിഞ്ഞ ഫോട്ടോ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നീലേശ്വരം പൊലീസ് കൈമാറിയിരുന്നു. കവർച്ച അന്വേഷിക്കുന്ന സ്‌ക്വാഡിനും കൈമാറിയിരുന്നു. പ്രതിയുടെ പുതിയ ഫോൺ നമ്പർ പൊലീസ് കണ്ടെത്തിയതോടെ അന്വേഷണം എളുപ്പത്തിൽ ആയി. കോഴിക്കോട്ടെ ലോഡ്ജിൽ വിശ്രമിക്കാൻ ഒരുങ്ങവേയാണ് പ്രതിയുടെ മുന്നിലേക്ക് പൊലീസ് എത്തിയത്. ഒപ്പം സഞ്ചരിച്ച ആളെ കണ്ടെത്താനായില്ല.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
നീലേശ്വരം ഇൻസ്പെക്ടർ കെ വി ഉമേശൻ, എസ് ഐ കെ വി രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ച മുമ്പ് പള്ളിക്കരയിലെ വ്യാപാരിയുടെ വീട്ടിൽ പട്ടാപകൽ ആറ് പവൻ സ്വർണം കവർച്ച ചെയ്ത കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയ നീലേശ്വരം പൊലീസിന് ചിറപ്പുറത്തെ കവർച്ച സംഭവം നൽകിയത് മറ്റൊരു പൊൻതൂവൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page