കാസര്‍കോട്: ചികിത്സ തേടി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പൊലീസും ആശുപത്രി ജീവനക്കാരും തുണയായി. നെഞ്ച് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട രോഗിയായ പിതാവിനെയും കൊണ്ട് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മകള്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ സമീപിച്ചാല്‍ ഭക്ഷണവും ചികിത്സയും ലഭിക്കുമെന്ന പിതാവിന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് മകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഫിലിപ്പ് തോമസ് ജനറല്‍ ആശുപത്രി ജീവനക്കാരുമായി ബന്ധപ്പെട്ട് അവരെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയെങ്കിലും തിരിച്ചുപോകാതെ അവര്‍ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടത്തില്‍ കുറെ സമയം ഇരുന്നു. ഇതിനിടയിലാണ് തങ്ങള്‍ രാവിലെ മുതല്‍ ഭക്ഷണമൊന്നും കഴിച്ചില്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളൊന്നുമില്ലെന്നും മകള്‍ പറയുന്നത്. കുമ്പള ഭാഗത്താണ് വീടെന്നും സഹായിക്കാനാരുമില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. കാന്റീനില്‍ നിന്നും ഭക്ഷണവും ജീവനക്കാരുടെ സഹായത്തോടെയുള്ള ഭക്ഷ്യ കിറ്റും നല്‍കിയാണ് തിരിച്ചയച്ചത്. ഹെഡ് നഴ്‌സ് അന്‍സമ്മ, സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ജനമൈത്രി പോലീസ് ക്യപേഷ്, ആശുപത്രി സെക്കൂരിറ്റി ജീവനക്കാരായ ശ്രീധരന്‍, നാരായണന്‍ സംബന്ധിച്ചു.
